Saturday, September 29, 2012

മൌനത്തിന്‍റെ നാനാര്‍ത്ഥങ്ങള്‍

ചില സൌഹൃദങ്ങള്‍ എങ്ങോട്ടാണ് പുറപ്പെട്ടു പോകുന്നത് ..? എന്ന് 
വിചാരപ്പെട്ടിരുന്നു പണ്ടൊക്കെ ഞാന്‍ . ജീവിതം തന്നെ എനിക്കതിനുള്ള ഉത്തരം തന്നു. 
സകല സൌഹൃദങ്ങളില്‍ നിന്നും ഞാന്‍ സ്വയം പുറപ്പെട്ടുപോയി, കുറെനാളത്തേക്ക്. 
ആര്‍ക്കും മുഖം നല്‍കാതെ .... ഒരു ടെലിഫോണ്‍ കാള്‍ പോലും എടുക്കാതെ.. 
ഒരുതരം സ്വയംപീഡയുടെ ആത്മാനന്ദകാലം ...  ഔദ്യോഗികകാര്യങ്ങള്‍ക്ക്
 മാത്രം ഞാന്‍ എഞ്ചുവടികണക്കില്‍ സംസാരിച്ചു... മകന്‍ ജീവിച്ചിരിക്കുന്നു 
എന്നറിയിക്കാന്‍ വേണ്ടി മാത്രം ആഴ്ചയിലൊരിക്കല്‍ നാട്ടിലേക്ക് 
പ്രിയപ്പെട്ട ഉമ്മയ്ക്കും ഉപ്പയ്ക്കും ഒന്നോ രണ്ടോ മിനിറ്റില്‍ ഒതുങ്ങുന്ന
 ഒരു കോള്‍ . ഉറക്കമില്ലാതെ കിടന്നരാത്രികള്‍ ഭ്രാന്തു പിടിപ്പിക്കുമെന്നായപ്പോള്‍ 
night duty ചോദിച്ചു വാങ്ങി... അങ്ങനെ രാത്രിയും പകലും ഉറക്കമില്ലാത്തവനായി. 
ദിവസത്തില്‍ കഷ്ടിച്ച് ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമുറങ്ങി .
 അകാരണമായൊരു ഭയം എനിക്കെന്നോടു തന്നെ തോന്നിത്തുടങ്ങി.


ബോധത്തിന്‍റെ  മറുകരയില്‍ വെച്ചാണെന്ന് തോന്നുന്നു ഒരു വെള്ളാരം കണ്ണുകാരി 
എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് . depression ന്‍റെ സകല 
ലക്ഷണങ്ങളും കാണിച്ച എന്നെ അവള്‍ എങ്ങനെയാണ് ഇത്ര നന്നായി വായിച്ചെടുത്തത് 
എന്ന് അദ്ഭുതം കൊണ്ടിട്ടുണ്ട് ഞാന്‍ .ക്രൈസ്തവരിലെ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരിയായ 
അവള്‍ എനിക്ക് ബൈബിളിന്‍റെയും ഖുര്‍ആന്‍റെയും ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ 
കൊണ്ട് തന്നു. അവള്‍ അവളുടെ ഭര്‍ത്താവിനോട് എന്നെക്കുറിച്ച് പറഞ്ഞിരുന്നു . 
അവനും എന്‍റെ കാര്യത്തില്‍ ആകുലനായി.പിന്നെയൊരിക്കല്‍ ഞാന്‍ അവളോട്‌ പറഞ്ഞു
 എന്‍റെ കൊച്ചു മലയാള ഭാഷയില്‍ ടി.പദ്മനാഭന്‍ എ‍ന്നൊരു കഥാകാരന്‍ ഉണ്ടെന്നും 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി' എന്നൊരു കഥ അദ്ദേഹത്തിന്റെതായിട്ട്‌ ഉണ്ടെന്നും. 
ഞാന്‍ ആ കഥാസാരം അവള്‍ക്കു പറഞ്ഞുകൊടുത്തു . 
അവളുടെ കണ്ണുകളില്‍ അത്യദ്ഭുദം. എനിക്ക് ഒരു കഥാപാത്രത്തോടു തന്നെ
 കഥ പറയുന്നതിന്‍റെ പാരവശ്യം. ആ കഥയുടെ ഇംഗ്ലീഷ് transilation 
തേടി ഞാന്‍ ഒരുപാട് നടന്നിട്ടുണ്ട് , ആ കാലത്ത്. പക്ഷെ സംഘടിപ്പിക്കാന്‍ ആയില്ല. 
ഇപ്പോഴും എന്‍റെ സെല്‍ഫോണില്‍ 'A Girl who sheds Light'എന്ന് അവള്‍ മുദ്രണം 
ചെയ്യപ്പെട്ടു കിടക്കുന്നു. വല്ലപ്പോഴും വരുന്ന അവളുടെ കോളിന് "കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും ...." എന്ന് എന്‍ .എന്‍ .കക്കാട് വേണുഗോപാലിന്‍റെ
 സ്വരസൌരഭ്യം നല്‍കുന്നു. ഇപ്പോള്‍ ഓര്‍ത്തു പോവുകയാണ് ,
 എത്ര നേര്‍ത്തൊരു നൂലിഴപ്പാലത്തിലൂടെ ആയിരുന്നു അന്ന് ഞാന്‍ സഞ്ചരിച്ചത് ?
 പക്ഷെ ഇന്നും ചില അകരുണമായ അവസ്ഥാന്തരങ്ങളോട് രാജിയാവാനാകാതെ 
വരുമ്പോള്‍ ഞാന്‍ മൌനത്തിലേക്കല്ലാതെ മറ്റെവിടേക്ക് വീണു പോകാന്‍ ? 
നന്ദി... ജീവനുള്ള സൌഹൃദങ്ങള്‍ക്ക് ....



Saturday, July 7, 2012

ചില പാട്ടുകള്‍ ജീവിതത്തോട് പറയുന്നത് ...

ചില പാട്ടുകള്‍ അങ്ങനെയാണ് ...അത് നമ്മളെ തന്നെ നിര്‍ണ്ണയിക്കുകയോ നിര്‍വചിക്കുകയോ ചെയ്തു കളയുന്നു..നമ്മളെ മറ്റു പലതിനോടും connected ആക്കുന്നു "സാഗരങ്ങളേ... പാടി ഉണര്‍ത്തിയ സാമഗീതമേ..സാമസംഗീതമേ.." എന്ന ആ ONV പാട്ട് എനിക്ക് തൊട്ടടുത്ത സ്കൂളിന്റെ വാര്‍ഷികനാളില്‍ മൈക്ക്സെറ്റുകാരന്‍ സെയ്തലവിക്കയെ അത്യദ്ഭുദങ്ങളോടെ നോക്കി നിന്നതിന്റെ ഓര്‍മയാണ്.. 
"ദേവീ ശ്രീദേവീ നിന്‍ തിരുവായ്മലരണിവാക്യം ഒന്നു വിളമ്പാന്‍
പാവീ ഈ പാവീ നിന്‍ സന്നിധി അനുദിനം തേടുന്നു അഴല്‍കളുമായ്" എന്നൊരു പാട്ടുണ്ട് 'പ്രേമാഭിഷേക'ത്തില്‍ ...അന്നൊക്കെ നാടോടി സര്‍ക്കസ് സംഘങ്ങള്‍ വന്നിരുന്നു ..ഗ്രാമങ്ങളില്‍ . സര്‍ക്കസ് എന്ന് പറഞ്ഞാല്‍ വല്യ സര്‍ക്കസുകള്‍ ഒന്നും കാണില്ല...റെക്കോര്‍ഡ്‌ ഡാന്‍സ് ആണ് പ്രധാന ഇനം . അവസാനം വല്ല ട്യൂബ് ലൈറ്റ് ശരീരത്തില്‍ അടിച്ചു പൊട്ടിക്കലോ മറ്റോ ഉണ്ടാകും..അത്തരം ഒരു സര്‍ക്കസ് സംഘത്തിലെ 'പരീത് ' എന്ന ഒരു കലാകാരനെ ചുറ്റിപ്പറ്റിയാണ് എനിക്ക് ഈ പാട്ടിന്റെ ഓര്‍മ്മ..പാവങ്ങളുടെ കമലഹാസന്‍ തന്നെ പരീത്.. നമ്മുടെ ബാലചന്ദ്രമേനോന്‍ സ്റ്റൈലില്‍ ഒരു കര്‍ചീഫുകൊണ്ടുള്ള ഒരു തലേക്കെട്ടുമായാണ് പരീതിന്റെ നടപ്പ് . അതനുകരിച്ച് ഞാനും കര്‍ചീഫ്‌ തലയില്‍ കെട്ടി നടന്നു . പിന്നെ ഉപ്പ വഴക്ക് പറഞ്ഞാണ് അതഴിച്ചു വെച്ചത്.

'നിറക്കൂട്ടി'ലെ "പൂമാനമേ ഒരു രാഗമേഘം താ.." എന്ന പാട്ട് പ്രൈമറി ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉള്ള കടിഞ്ഞൂല്‍ പ്രണയത്തെയാണ് ചെന്ന് തൊടുന്നത്. ആ പാട്ട് ഉപ്പാന്റെ പഴയ ഫിലിപ്സ് റേഡിയോയില്‍ കേട്ട് ഞാനെത്രവട്ടമാണ് വികാരവിവശനായത്..! അന്നവള്‍ക്കൊരു ചുവന്ന ഉടുപ്പുണ്ടായിരുന്നു ...ആ ഉടുപ്പില്‍ അവളെത്ര വട്ടമാണ് എന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞത്‌ ..!

"മേരാ മന്‍ ക്യോം തുംഹെ ചാഹേ.."എന്ന 'മന്‍' സിനിമയിലെ പാട്ട് എനിക്ക് ഫോണില്‍ നിത്യം പാടിത്തന്നിരുന്ന ഒരു കൂട്ടുകാരിയുണ്ടായിരുന്നു, പണ്ട്. സൌഹൃദമെന്നോ പ്രണയമെന്നോ ആത്മബന്ധമെന്നോ എന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാതിരുന്ന ഒരു ബന്ധം. ഇന്നത്തെ പോലെ മൊബൈല്‍ ഫോണ്‍ ഒന്നുമില്ല. എന്തിനു ലാന്ഡ് ഫോണ്‍ ഫോണ്‍ പോലുമില്ല അന്ന് വീട്ടില്‍. തിരക്കില്ലാത്ത STD ബൂത്തിലെ കണ്ണാടിക്കൂട്ടില്‍ വിയര്‍ത്തൊലിച്ച് നിന്ന് കൂട്ടുകാരിയുടെ പാട്ട് കേള്‍ക്കുന്ന ആ കൌമാരക്കാരനെ ഓര്‍ത്തു ഇപ്പൊ ഞാന്‍ തന്നെ ചിരിക്കുന്നു ...
ഒരുപാട്ട് നേരെചൊവ്വേ മൂളാന്‍ പോലും അറിയാത്ത എനിക്കും ..'സംഗീതമീ ജീവിതം "...ആനന്ദലബ്ധിക്കിനിയെന്തു വേണം ??

Wednesday, July 4, 2012

പുഴ, പ്രണയം എന്നിങ്ങനെ ...

അവള്‍ പറഞ്ഞു ..
വാക്ക് ഒരു പുഴതന്നെയാണ് ചിലപ്പോഴെങ്കിലും .
അതിനക്കരെയും ഇക്കരെയുമാണ്
നാം കടത്തുതോണി കിട്ടാതെ വലഞ്ഞത്.
ഒടുവില്‍ കിട്ടിയപ്പോള്‍
തുഴപോയി പുഴയ്ക്കൊപ്പം പോയത് ...

അവന്‍ പറഞ്ഞു ..
അത്രയ്ക്കൊന്നും കാല്പനികനല്ല ഞാനിപ്പോള്‍ .
ഇത്തിരിപ്പോന്ന ഈ ജീവിതത്തിന്
എന്തിനാണ്
ഇത്രയധികം
കല്പിതാരാമങ്ങള്‍ ..?

അനന്തരം
അവള്‍ അഗ്നിയായി .

Saturday, February 18, 2012

ആകാശനീലക്കുപ്പായമിട്ട കൂട്ടുകാരന്‍


പിന്നെ ഞാന്‍ അവനെ കണ്ടിട്ടേയില്ല .
പത്താം ക്ലാസ്സില്‍ അവന്‍ എന്‍റെ കൂടെയുണ്ടായിരുന്നു .
അവന്‍ പരീക്ഷ എഴുതിക്കാണില്ല.ആലത്തിയൂര്‍ KHMHS -ല്‍ എട്ടാം ക്ലാസ്സില്‍ ചേര്‍ന്ന അന്നുമുതല്‍ ഞാന്‍ അവനെ ശ്രദ്ധിച്ചിരുന്നു.
ക്ലാസ്ടീച്ചര്‍ വന്ന് ഉയരം നോക്കി കുട്ടികളെ ക്രമീകരിച്ച് ഇരുത്തിയപ്പോള്‍,
ഉയരം കൂടിയ ഞങ്ങള്‍ രണ്ടും ഒരേ ബെഞ്ചില്‍ അടുത്തടുത്ത് വന്നു.
എന്തും പതിവില്‍ക്കവിഞ്ഞ ഒരു ആവേശത്തോടെയേ
അവന്‍ പറയാറുള്ളൂ.വിക്കാണോ എന്ന് തോന്നിപ്പോകും. മുഖത്ത്ചുണങ്ങിന്‍റെ ഭൂപടരേഖകള്‍
ആദ്യമൊന്നും അവനെ എനിക്കിഷ്ട്ടായില്ല .അവന്‍റെ പേരുപോലും എനിക്കിഷ്ടാവുന്നില്ല . 'ഹംസ'... ഞങ്ങടെ പ്രായത്തില്‍
ആര്‍ക്കും അന്ന് അത്ര മുതിര്‍ന്ന ഒരു പേരില്ലായിരുന്നു. പല തവണ
എന്നോട് കൂട്ടുകൂടാന്‍ വന്നു, അവന്‍ . ഞാന്‍ തെന്നിമാറി പോന്നു.

എന്‍റെ കൂട്ടുകാരന്‍ സമദ് ( ഇപ്പോള്‍ സഹകരണ ബാങ്കില്‍ ജോലി ചെയ്യുന്നു) ആണ് ആദ്യം അത് കണ്ടു പിടിച്ചത് . ഹംസ എന്നും ഒരേ ഷര്‍ട്ട്‌ ഇട്ടോണ്ടാണ് സ്കൂളില്‍ വരുന്നത്.അന്നൊന്നും ആലത്തിയൂര്‍ ഹൈസ്കൂളില്‍ യൂണിഫോം നിര്‍ബന്ധമാക്കിയിരുന്നില്ല. വര്‍ണ്ണങ്ങളില്‍ ആറാടി ഞങ്ങള്‍ . ഹംസ , പക്ഷെ വേറിട്ട്‌ നിന്നു . ഒരു sky blue നിറമുള്ള ചെക്ക്ഷര്‍ട്ട്‌ ആയിരുന്നു അവന്‍റെ വേഷം . അവന്‍ ആ ഷര്‍ട്ട്‌ മാറ്റിയതേ ഇല്ല.
എന്നാല്‍ ആ ഷര്‍ട്ട്‌ ഒരിക്കലും മുഷിഞ്ഞില്ല.
പിന്നെ ഞാനും സമദും ഒരുമിച്ച് അവനെ നിരീക്ഷിക്കാന്‍ തുടങ്ങി. ശരിയാണ് .
ഹംസ ഷര്‍ട്ട്‌ മാറ്റുന്നതേയില്ല. സത്യത്തില്‍ ആ ഷര്‍ട്ട്‌ ആണ് ഞങ്ങളെ അടുപ്പിച്ചത്.
ഞങ്ങള്‍ നല്ല കൂട്ടായി.

ഉച്ചഭക്ഷണ സമയത്തോ PT പീര്യഡുകളിലോ അവന്‍ ഞങ്ങള്‍ക്കൊപ്പം കളിയ്ക്കാന്‍ വന്നില്ല.അവന്‍ അവന്‍റെ മാത്രം ലോകങ്ങളില്‍ നടന്നു. മുഷിയാത്ത ആകാശനീല ഷര്‍ട്ടും ധരിച്ച് ആരെയും
മുഷിപ്പിക്കാതെ അവനുമാത്രം കഴിയുന്ന ഒരു ചിരി ചിരിച്ച് അവന്‍ നടന്നു. ഞങ്ങള്‍ എത്രപ്രകോപിപ്പിച്ചാലും അവന്‍ ചിരി കൊണ്ട് അതെല്ലാം തടുത്തു.

അവന്‍റെ പ്രദേശത്ത് നിന്ന് വരുന്ന കുട്ടികളില്‍ നിന്നും അവനെക്കുറിച്ചുള്ള വിവരങ്ങള്‍ ഞാന്‍ തിരക്കിത്തുടങ്ങി. അവന്‍ ഒഴിവു ദിവസങ്ങളില്‍ കല്പ്പണിക്കും മറ്റും സഹായി ആയി പോകാറുണ്ട് എന്നറിഞ്ഞു.
ഒരു ചേട്ടന്‍ ഉണ്ട് . വീട് വിട്ട് എങ്ങോ പോയി.ഒരു വിവരവും ഇല്ല . ഉപ്പയ്ക്ക് സുഖമില്ല. രണ്ട് അനിയത്തിമാര്‍ .
അതില്‍പിന്നെ അവനോട് വല്ലാത്തൊരു ഇഷ്ട്ടമായിരുന്നു. ഇംഗ്ലീഷ് പദ്യം പഠിക്കാത്തതിന് രാമന്‍ മാഷ്‌ അവനെ പൊതിരെ തല്ലി. അവന്‍റെ കണ്ണില്‍ നിന്ന്ഒരു തുള്ളി കണ്ണീര്‍ പോലും വന്നില്ല.
അന്ന് കരഞ്ഞതത്രയും ഞാനായിരുന്നു. പഠിക്കാന്‍ അവന്‍ മോശം ആയിരുന്നു.
പക്ഷെ അവന്‍ എന്നും ക്ലാസ്സില്‍ വന്നു.

പത്താം ക്ലാസ്സില്‍ എത്തിയപ്പോള്‍ അവന്‍ ഇടയ്ക്കു മുടങ്ങാന്‍ തുടങ്ങി .ടീച്ചറില്‍ നിന്ന് നിത്യം ശകാരമേറ്റു. ഞാന്‍ ചോദിക്കുമ്പോഴൊക്കെ അവന്‍ ഒഴിഞ്ഞു മാറി . വരാത്ത ദിവസങ്ങളില്‍ എന്‍റെ നോട്ടുബുക്ക് നോക്കി അവന്‍ പകര്‍ത്തിയെഴുതി. പലപ്പോഴും അവന്‍ ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും മുടങ്ങാന്‍ തുടങ്ങി.വീട്ടില്‍ ബുദ്ധിമുട്ട് കൂടിക്കാണും. മിക്ക ദിവസങ്ങളിലും ജോലി തേടി പോകുന്നുണ്ടാവും.

അവന്‍ SSLC പരീക്ഷ എഴുതിയോ ...ഓര്‍മ്മയില്ല ...പിന്നെ പിന്നെ
ഞാനും എന്റേതായ തിരക്കുകളിലേക്ക് മടങ്ങി. അവനെ ക്രൂരമായി മറന്നു.
കുറെ നാളുകള്‍ക്ക് ശേഷം അവനെ പറ്റി ഞാന്‍ ആരോടെല്ലാമോ അന്വേഷിച്ചു.
വ്യക്തമായ ഒരു വിവരവും കിട്ടിയില്ല.
മുതിര്‍ന്നപ്പോള്‍ അവന്‍റെ നാട്ടില്‍ നിന്ന് എനിക്കൊരു കൂട്ടുകാരി ഉണ്ടായി.
അവളോട്‌ അവനെ പറ്റി അന്വേഷിച്ചിരുന്നു, പലവട്ടം. അവളും എന്നോടൊപ്പം സങ്കടപ്പെട്ടു...വിചാരപ്പെട്ടു...

പ്രിയപ്പെട്ട കൂട്ടുകാരാ..
നീയെവിടെയാണ്..? ചമത്ക്കാരങ്ങളില്ലാത്ത ജീവിതത്തിന്‍റെ കടുംയാഥാര്‍ഥ്യങ്ങളില്‍ പെട്ട്
നീ ഇപ്പോഴും ഉഴറുകയായിരിക്കുമോ ? മുഷിയാത്ത ആ ആകാശനീലക്കുപ്പായം ഇട്ടുകൊണ്ട്
നിന്‍റെ വെപ്രാളപ്പെട്ട വാക്കുകള്‍ക്ക് ഞാനിനി എന്നാണ് കാതോര്‍ക്കുക...?
ദൈവം തന്ന സമയം തീര്‍ന്ന്‍ നമുക്കെല്ലാം പോകണമല്ലോ ...അതിനുമുമ്പ്
ഒരിക്കല്‍ക്കൂടി കാണണമെന്നാശിക്കുന്ന മുഖങ്ങളില്‍ നീയുമുണ്ട്..