Saturday, February 18, 2012

ആകാശനീലക്കുപ്പായമിട്ട കൂട്ടുകാരന്‍


പിന്നെ ഞാന്‍ അവനെ കണ്ടിട്ടേയില്ല .
പത്താം ക്ലാസ്സില്‍ അവന്‍ എന്‍റെ കൂടെയുണ്ടായിരുന്നു .
അവന്‍ പരീക്ഷ എഴുതിക്കാണില്ല.ആലത്തിയൂര്‍ KHMHS -ല്‍ എട്ടാം ക്ലാസ്സില്‍ ചേര്‍ന്ന അന്നുമുതല്‍ ഞാന്‍ അവനെ ശ്രദ്ധിച്ചിരുന്നു.
ക്ലാസ്ടീച്ചര്‍ വന്ന് ഉയരം നോക്കി കുട്ടികളെ ക്രമീകരിച്ച് ഇരുത്തിയപ്പോള്‍,
ഉയരം കൂടിയ ഞങ്ങള്‍ രണ്ടും ഒരേ ബെഞ്ചില്‍ അടുത്തടുത്ത് വന്നു.
എന്തും പതിവില്‍ക്കവിഞ്ഞ ഒരു ആവേശത്തോടെയേ
അവന്‍ പറയാറുള്ളൂ.വിക്കാണോ എന്ന് തോന്നിപ്പോകും. മുഖത്ത്ചുണങ്ങിന്‍റെ ഭൂപടരേഖകള്‍
ആദ്യമൊന്നും അവനെ എനിക്കിഷ്ട്ടായില്ല .അവന്‍റെ പേരുപോലും എനിക്കിഷ്ടാവുന്നില്ല . 'ഹംസ'... ഞങ്ങടെ പ്രായത്തില്‍
ആര്‍ക്കും അന്ന് അത്ര മുതിര്‍ന്ന ഒരു പേരില്ലായിരുന്നു. പല തവണ
എന്നോട് കൂട്ടുകൂടാന്‍ വന്നു, അവന്‍ . ഞാന്‍ തെന്നിമാറി പോന്നു.

എന്‍റെ കൂട്ടുകാരന്‍ സമദ് ( ഇപ്പോള്‍ സഹകരണ ബാങ്കില്‍ ജോലി ചെയ്യുന്നു) ആണ് ആദ്യം അത് കണ്ടു പിടിച്ചത് . ഹംസ എന്നും ഒരേ ഷര്‍ട്ട്‌ ഇട്ടോണ്ടാണ് സ്കൂളില്‍ വരുന്നത്.അന്നൊന്നും ആലത്തിയൂര്‍ ഹൈസ്കൂളില്‍ യൂണിഫോം നിര്‍ബന്ധമാക്കിയിരുന്നില്ല. വര്‍ണ്ണങ്ങളില്‍ ആറാടി ഞങ്ങള്‍ . ഹംസ , പക്ഷെ വേറിട്ട്‌ നിന്നു . ഒരു sky blue നിറമുള്ള ചെക്ക്ഷര്‍ട്ട്‌ ആയിരുന്നു അവന്‍റെ വേഷം . അവന്‍ ആ ഷര്‍ട്ട്‌ മാറ്റിയതേ ഇല്ല.
എന്നാല്‍ ആ ഷര്‍ട്ട്‌ ഒരിക്കലും മുഷിഞ്ഞില്ല.
പിന്നെ ഞാനും സമദും ഒരുമിച്ച് അവനെ നിരീക്ഷിക്കാന്‍ തുടങ്ങി. ശരിയാണ് .
ഹംസ ഷര്‍ട്ട്‌ മാറ്റുന്നതേയില്ല. സത്യത്തില്‍ ആ ഷര്‍ട്ട്‌ ആണ് ഞങ്ങളെ അടുപ്പിച്ചത്.
ഞങ്ങള്‍ നല്ല കൂട്ടായി.

ഉച്ചഭക്ഷണ സമയത്തോ PT പീര്യഡുകളിലോ അവന്‍ ഞങ്ങള്‍ക്കൊപ്പം കളിയ്ക്കാന്‍ വന്നില്ല.അവന്‍ അവന്‍റെ മാത്രം ലോകങ്ങളില്‍ നടന്നു. മുഷിയാത്ത ആകാശനീല ഷര്‍ട്ടും ധരിച്ച് ആരെയും
മുഷിപ്പിക്കാതെ അവനുമാത്രം കഴിയുന്ന ഒരു ചിരി ചിരിച്ച് അവന്‍ നടന്നു. ഞങ്ങള്‍ എത്രപ്രകോപിപ്പിച്ചാലും അവന്‍ ചിരി കൊണ്ട് അതെല്ലാം തടുത്തു.

അവന്‍റെ പ്രദേശത്ത് നിന്ന് വരുന്ന കുട്ടികളില്‍ നിന്നും അവനെക്കുറിച്ചുള്ള വിവരങ്ങള്‍ ഞാന്‍ തിരക്കിത്തുടങ്ങി. അവന്‍ ഒഴിവു ദിവസങ്ങളില്‍ കല്പ്പണിക്കും മറ്റും സഹായി ആയി പോകാറുണ്ട് എന്നറിഞ്ഞു.
ഒരു ചേട്ടന്‍ ഉണ്ട് . വീട് വിട്ട് എങ്ങോ പോയി.ഒരു വിവരവും ഇല്ല . ഉപ്പയ്ക്ക് സുഖമില്ല. രണ്ട് അനിയത്തിമാര്‍ .
അതില്‍പിന്നെ അവനോട് വല്ലാത്തൊരു ഇഷ്ട്ടമായിരുന്നു. ഇംഗ്ലീഷ് പദ്യം പഠിക്കാത്തതിന് രാമന്‍ മാഷ്‌ അവനെ പൊതിരെ തല്ലി. അവന്‍റെ കണ്ണില്‍ നിന്ന്ഒരു തുള്ളി കണ്ണീര്‍ പോലും വന്നില്ല.
അന്ന് കരഞ്ഞതത്രയും ഞാനായിരുന്നു. പഠിക്കാന്‍ അവന്‍ മോശം ആയിരുന്നു.
പക്ഷെ അവന്‍ എന്നും ക്ലാസ്സില്‍ വന്നു.

പത്താം ക്ലാസ്സില്‍ എത്തിയപ്പോള്‍ അവന്‍ ഇടയ്ക്കു മുടങ്ങാന്‍ തുടങ്ങി .ടീച്ചറില്‍ നിന്ന് നിത്യം ശകാരമേറ്റു. ഞാന്‍ ചോദിക്കുമ്പോഴൊക്കെ അവന്‍ ഒഴിഞ്ഞു മാറി . വരാത്ത ദിവസങ്ങളില്‍ എന്‍റെ നോട്ടുബുക്ക് നോക്കി അവന്‍ പകര്‍ത്തിയെഴുതി. പലപ്പോഴും അവന്‍ ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും മുടങ്ങാന്‍ തുടങ്ങി.വീട്ടില്‍ ബുദ്ധിമുട്ട് കൂടിക്കാണും. മിക്ക ദിവസങ്ങളിലും ജോലി തേടി പോകുന്നുണ്ടാവും.

അവന്‍ SSLC പരീക്ഷ എഴുതിയോ ...ഓര്‍മ്മയില്ല ...പിന്നെ പിന്നെ
ഞാനും എന്റേതായ തിരക്കുകളിലേക്ക് മടങ്ങി. അവനെ ക്രൂരമായി മറന്നു.
കുറെ നാളുകള്‍ക്ക് ശേഷം അവനെ പറ്റി ഞാന്‍ ആരോടെല്ലാമോ അന്വേഷിച്ചു.
വ്യക്തമായ ഒരു വിവരവും കിട്ടിയില്ല.
മുതിര്‍ന്നപ്പോള്‍ അവന്‍റെ നാട്ടില്‍ നിന്ന് എനിക്കൊരു കൂട്ടുകാരി ഉണ്ടായി.
അവളോട്‌ അവനെ പറ്റി അന്വേഷിച്ചിരുന്നു, പലവട്ടം. അവളും എന്നോടൊപ്പം സങ്കടപ്പെട്ടു...വിചാരപ്പെട്ടു...

പ്രിയപ്പെട്ട കൂട്ടുകാരാ..
നീയെവിടെയാണ്..? ചമത്ക്കാരങ്ങളില്ലാത്ത ജീവിതത്തിന്‍റെ കടുംയാഥാര്‍ഥ്യങ്ങളില്‍ പെട്ട്
നീ ഇപ്പോഴും ഉഴറുകയായിരിക്കുമോ ? മുഷിയാത്ത ആ ആകാശനീലക്കുപ്പായം ഇട്ടുകൊണ്ട്
നിന്‍റെ വെപ്രാളപ്പെട്ട വാക്കുകള്‍ക്ക് ഞാനിനി എന്നാണ് കാതോര്‍ക്കുക...?
ദൈവം തന്ന സമയം തീര്‍ന്ന്‍ നമുക്കെല്ലാം പോകണമല്ലോ ...അതിനുമുമ്പ്
ഒരിക്കല്‍ക്കൂടി കാണണമെന്നാശിക്കുന്ന മുഖങ്ങളില്‍ നീയുമുണ്ട്..

Sunday, December 11, 2011

പി.സുരേന്ദ്രന്‍ :കഥയുടെ ഗ്രീഷ്മമാപിനി


പി.സുരേന്ദ്രന്‍ ....ഇപ്പോഴും ക്ഷോഭിക്കുന്ന ഒരു യുവത്വം ...2009 ലെ ഒരു വൈകുന്നേരം പ്രിയ സുഹൃത്ത്‌ സ:അനൂപിനോടൊപ്പമാണ് എടപ്പാളില്‍ സുരേന്ദ്രന്‍റെ വീട്ടില്‍ ചെന്നത്.
കല ,സാഹിത്യം ,രാഷ്ട്രീയം ,സംസ്കാരം ....ആ മനസ്സിലെരിയുന്ന കനലുകള്‍ ഇനിയും പുറത്തു വരാനിരിക്കുന്നതേ ഉള്ളൂ എന്ന് തോന്നി .അന്‍പതുകളുടെ ആ 'യുവത്വ' ത്തിനു മുമ്പില്‍ മുപ്പതുകളുടെ എന്‍റെ 'വാര്‍ധക്യം' ലജ്ജിച്ചു തല താഴ്ത്തി എന്ന് പറയാതെ വയ്യ.ഏറെ നേരം ഇരുന്നു , ഞങ്ങള്‍ അവിടെ. മാര്‍ക്സിസം ,മദനി ,വിജയന്‍ മാഷ് , പാര്‍ട്ടി അങ്ങനെ പോകെ പോകെ ഒരു പെരുമഴ വന്നു. ഒരു വേനല്‍ മഴ ...അത് പക്ഷെ പി.സുരേന്ദ്രന്‍ എന്ന എഴുത്തുകാരനെ തണുപ്പിക്കുന്നേ ഇല്ല ..പിന്നെ സംസാരം എഴുതിക്കൊണ്ടിരിക്കുന്ന നോവലിനെ കുറിച്ചായി ...വി എസ് അച്യുതാനന്ദന്‍റെ രാഷ്ട്രീയ ജീവിതം പ്രമേയമാക്കി എഴുതിക്കൊണ്ടിരിക്കുന്ന നോവല്‍ ....'ഗ്രീഷ്‌മമാപിനി' എന്ന നോവലില്‍ സി.പി.എമ്മിന്‍റെ ഭൂതവും വര്‍ത്തമാനവും മാത്രമല്ല ഭാവിയും കൂടിയാണ്‌ പി.സുരേന്ദ്രന്‍ അക്ഷരങ്ങളായി കോറിയിട്ടത്‌ എന്ന്‌ ഇപ്പോഴാണ്‌ വ്യക്‌തമായത്‌. മണ്ണിന്‍റെ അവകാശവും പെണ്ണിന്‍റെ മാനവും കവര്‍ന്നെടുക്കുന്നവര്‍ സ്വന്തം പാര്‍ട്ടിക്കാരായാലും അത്‌ പൊതുജനങ്ങള്‍ക്ക്‌ മുന്നില്‍ തുറന്ന്‌ പറയുന്നതിന്‌ ധൈര്യം കാണിച്ച കമ്യൂണിസ്‌റ്റ് നേതാവിനെയാണ്‌ സി.കെ.എന്ന പേരില്‍ സുരേന്ദ്രന്‍ വരച്ചു കാട്ടിയത്‌.

''വീട്ടിലിരുന്നുകൊണ്ട്‌ അദ്ദേഹം ലോകത്തോട്‌ സംസാരിക്കട്ടെ എന്നായിരുന്നു പാര്‍ട്ടി തീരുമാനം. സംസാരിക്കേണ്ടത്‌ എന്താണെന്ന്‌ പാര്‍ട്ടി നിശ്‌ചയിക്കും.അന്തിമമായ ഒരച്ചടക്ക പ്രഖ്യാപനമായിരുന്നു അത്‌.പൊതുജനങ്ങളേയും പാര്‍ട്ടി അണികളേയും വിശ്വസിപ്പിക്കാന്‍ പാകത്തില്‍ അദ്ദേഹത്തിന്‍റെ അനാരോഗ്യത്തെ സംബന്ധിച്ചും വാര്‍ത്താകുറിപ്പുകളുണ്ടായിരുന്നു.''

- (ഗ്രീഷ്‌മമാപിനി / പേജ്‌ 22)

ഹാ...എന്‍റെ പ്രണയമേ....



കൗമാരകാലത്ത്, പ്രണയോന്മാദത്തില്‍ നട്ടംതിരിയുന്ന കാലത്ത്, ഒരു കുറിപ്പെഴുതി (കവിത?) ഞാന്‍ ചന്ദ്രിക ആഴ്ചപ്പതിപ്പിന് അയച്ചുകൊടുത്തു.
as usual നഷ്ടപ്രണയമായിരുന്നു വിഷയം. സഹപാഠിയെ പ്രണയിക്കുമ്പോള്‍, നഷ്ടപ്രണയത്തെക്കുറിച്ച് വ്യാകുലചിത്തനാവാതെ ഞാന്‍ എന്തുചെയ്യാന്‍ ? 'മൌനാനുരാഗം ' എന്നോ മറ്റോ ശീര്‍ഷകം .അവളുടെ ബാപ്പ നല്ല 24 കാരറ്റ് മുസ്‌ലീംലീഗുകാരന്‍ ആയിരുന്നതിനാല്‍ വീട്ടില്‍ 'ചന്ദ്രിക ആഴ്ചപ്പതിപ്പും ' വന്നിരുന്നു . അതാണ് ഗഡാഗഡിയന്മാരായ (സുല്‍ത്താനേ പൊറുക്കണേ) 'മാതൃഭൂമി'യും 'കലാകൌമുദി'യും ഒക്കെ ഇരിക്കെ ഞാന്‍ 'ചന്ദ്രിക ' തെരഞ്ഞെടുത്തതിന്‍റെ ഗുട്ടന്‍സ് . അന്ന് സി.കെ.താനൂര്‍ ആണ് ചന്ദ്രികയുടെഎഡിറ്റര്‍ . ഒരു ആഴ്ച കഴിഞ്ഞു .മടക്കതപാലില്‍ നല്ല വെടിപ്പായ കയ്യക്ഷരത്തില്‍ സി.കെ.താനൂരിന്‍റെ മറുപടി വന്നു .'പ്രസിദ്ധീകരണ യോഗ്യമല്ല ...തുടര്‍ന്നും സഹകരിക്കുമല്ലോ '.


ഇന്ന് അതെല്ലാം ഓര്‍ക്കുമ്പോള്‍ നല്ല തമാശ തോന്നുന്നു ...നോട്ടെഴുതുന്ന ന്യൂസ്‌ പ്രിന്റിന്‍റെ ഇരുപുറത്തും എന്തൊക്കെയോ എഴുതിക്കൂട്ടി വെണ്ടയ്ക്ക അക്ഷരത്തില്‍ സ്വന്തം പേരും എഴുതി ...അതുകൊണ്ടും തൃപ്തി വരാതെ എന്‍റെയൊരു ഗമണ്ടന്‍ ഫോട്ടോയും തുന്നിക്കെട്ടി അയച്ച എന്‍റെ ആ ബാല(കൌമാര?)ചാപല്യത്തെ ഓര്‍ത്തോര്‍ത്തു ചിരിക്കാറുണ്ട്, ഇന്ന് ഞാന്‍ .അന്ന് പക്ഷെ ,അതൊക്കെ എന്‍റെ ഗംഭീരമായ 'ശരി'കള്‍ ആയിരുന്നു .....ഹാ എന്‍റെ പ്രണയമേ...

ആന്റി ക്ലൈമാക്സ് : കഥാനായിക പിൽക്കാലത്ത് നുമ്മടെ അടുത്ത കൂട്ടാരിയായി. ഓളോട് ഞാൻ പണ്ടത്തെ ഈ കവിതാകഥ പറഞ്ഞു. ന്നാൽ അത് ഞാനൊന്ന് കാണട്ടേന്ന് അവൾ. ഞാൻ മുൻചൊന്ന 'ഉരുപ്പടി' ഓളെ കാണിക്കുന്നു. പഹച്ചി ഒറ്റ പറച്ചിലേര്ന്ന് .."ഇതെങ്ങാനും അന്ന് അച്ചടിച്ചു വന്നിരുന്നെങ്കിൽ അന്റെ മയ്യെത്തെടുത്തേനെ ന്റെ ബാപ്പ."

Wednesday, May 26, 2010

ഉസ്താദ്‌



അന്ന് ദാറുല്‍ ഹുദാ മദ്രസയില്‍ ,ഒന്നാം ക്ലാസ്സിലെ ഉസ്താദ് ലീവായിരുന്നു .
ക്ലാസ്സ്‌ തുടങ്ങാനുള്ള ബെല്ലടിച്ചിട്ടും ബഹളം അടങ്ങുന്നില്ല .തൊട്ടടുത്ത്‌ രണ്ടാം ക്ലാസ്സില്‍
മൂസ മുസ്ലിയാര്‍ക്ക് ക്ലാസ്സ് എടുക്കാന്‍ കഴിയുന്നില്ല .മുസ്ലിയാര്‍ നേരെ ഒന്നാം ക്ലാസ്സിലേക്ക് നടന്നു .

"കും ഇജലിസ് കും ഇജലിസ് " (stand up ,sit down)
കുട്ടികള്‍ രണ്ടുവട്ടം എണീക്കുകയും ഇരിക്കുകയും ചെയ്തു.
"ഇന്ന് ഇങ്ങളെ ഉസ്താദ് ലീവാണ് .അതോണ്ട് ഒച്ച ഒന്നും ണ്ടാക്കാതെ നല്ല കുട്ട്യേളായി ഇരിക്കണം "
ഉസ്താദ് താടി ഉഴിഞ്ഞുകൊണ്ട് പറഞ്ഞു .

അത് ഡി പി ഇ പി കാലമായിരുന്നു, സ്കൂളുകളില്‍ .
അതിന്‍റെ ഒരു ഹാങ്ങോവറില്‍ മുസ്ലിയാര്‍ പറഞ്ഞു .
"ഞാന്‍ ഞമ്മളെ ബോര്‍ഡില് ചെല ചിത്രങ്ങള്‍ വരക്കും . ങ്ങള് അതിന്‍റെ ഒക്കെ അറബി വാക്ക് എയ്തി ന്നെ കാണിക്കണം കെട്ടാ"
താടിയില്‍ പിന്നേം ഒന്നു തടവിക്കൊണ്ട് മുസ്ലിയാര്‍ ബോര്‍ഡിലേക്ക് .
ഒരു സാഹസികനെ പോലെ ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങി . മായ്ച്ചും വരച്ചും മുസ്ലിയാര്‍ തളര്‍ന്നു .
ഒടുവില്‍ ചിത്രകാരനല്ലാത്ത മുസ്ലിയാര്‍ ഒരു വിധം ഒപ്പിച്ചെടുത്തു ,സൂക്ഷിച്ചുനോക്കിയാല്‍ മാത്രം തെറ്റിപോവാത്ത
ചില രൂപങ്ങള്‍ .
ഇല ,പെന്‍ ,ബെഞ്ച്‌ ,മേശ ,പൂവ് ......അങ്ങനെ കുറെ ചിത്രങ്ങള്‍

അഞ്ചു മിനിറ്റ് കഴിഞ്ഞില്ല .
ദേ വരുന്നു ഒന്നാം ക്ലാസ്സില്‍ നിന്ന് ഒരു കുട്ടി സ്ലേറ്റുമായി ഉസ്താദിന്‍റെ അടുത്തേക്ക് .
പിന്നെ ചോദ്യമായി
"ഉസ്താദേ ഉസ്താദേ ഈ നീരാളിക്ക് എന്താ അറബീല് പേര് ?"
"നീരാള്യോ" ഉസ്താദ് ഒന്നമര്‍ത്തി ചോദിച്ചു .
" ഉം ഉസ്താദ്‌ അവടെ വരച്ചു വെച്ചിട്ടുണ്ടല്ലോ "
ഉസ്താദ് ഒന്നു പകച്ചു
" എവടെ കാണട്ടെ ?"
കുട്ടി നേരെ ബോര്‍ഡിന്‍റെ അടുത്തുചെന്നു ഒരു ചിത്രത്തിലേക്ക് വിരല്‍ ചൂണ്ടി
അപ്പോഴാണ്‌ ഉസ്താദിന് സമാധാനമായത് .
"അള്ളാ ഇത് പുഗ്ഗല്ലേ മോനെ പുഗ്ഗ് " ( പൂവല്ലേ മോനെ പൂവ് എന്ന് മൊഴിമാറ്റം)
ആവശ്യത്തിലധികം ഇതളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും നിന്ന് ആ പൂവ് മുസ്ലിയാരെ നീരാളിയെ പോലെ കെട്ടിവരിയാന്‍ തുടങ്ങി .