Saturday, July 7, 2012

ചില പാട്ടുകള്‍ ജീവിതത്തോട് പറയുന്നത് ...

ചില പാട്ടുകള്‍ അങ്ങനെയാണ് ...അത് നമ്മളെ തന്നെ നിര്‍ണ്ണയിക്കുകയോ നിര്‍വചിക്കുകയോ ചെയ്തു കളയുന്നു..നമ്മളെ മറ്റു പലതിനോടും connected ആക്കുന്നു "സാഗരങ്ങളേ... പാടി ഉണര്‍ത്തിയ സാമഗീതമേ..സാമസംഗീതമേ.." എന്ന ആ ONV പാട്ട് എനിക്ക് തൊട്ടടുത്ത സ്കൂളിന്റെ വാര്‍ഷികനാളില്‍ മൈക്ക്സെറ്റുകാരന്‍ സെയ്തലവിക്കയെ അത്യദ്ഭുദങ്ങളോടെ നോക്കി നിന്നതിന്റെ ഓര്‍മയാണ്.. 
"ദേവീ ശ്രീദേവീ നിന്‍ തിരുവായ്മലരണിവാക്യം ഒന്നു വിളമ്പാന്‍
പാവീ ഈ പാവീ നിന്‍ സന്നിധി അനുദിനം തേടുന്നു അഴല്‍കളുമായ്" എന്നൊരു പാട്ടുണ്ട് 'പ്രേമാഭിഷേക'ത്തില്‍ ...അന്നൊക്കെ നാടോടി സര്‍ക്കസ് സംഘങ്ങള്‍ വന്നിരുന്നു ..ഗ്രാമങ്ങളില്‍ . സര്‍ക്കസ് എന്ന് പറഞ്ഞാല്‍ വല്യ സര്‍ക്കസുകള്‍ ഒന്നും കാണില്ല...റെക്കോര്‍ഡ്‌ ഡാന്‍സ് ആണ് പ്രധാന ഇനം . അവസാനം വല്ല ട്യൂബ് ലൈറ്റ് ശരീരത്തില്‍ അടിച്ചു പൊട്ടിക്കലോ മറ്റോ ഉണ്ടാകും..അത്തരം ഒരു സര്‍ക്കസ് സംഘത്തിലെ 'പരീത് ' എന്ന ഒരു കലാകാരനെ ചുറ്റിപ്പറ്റിയാണ് എനിക്ക് ഈ പാട്ടിന്റെ ഓര്‍മ്മ..പാവങ്ങളുടെ കമലഹാസന്‍ തന്നെ പരീത്.. നമ്മുടെ ബാലചന്ദ്രമേനോന്‍ സ്റ്റൈലില്‍ ഒരു കര്‍ചീഫുകൊണ്ടുള്ള ഒരു തലേക്കെട്ടുമായാണ് പരീതിന്റെ നടപ്പ് . അതനുകരിച്ച് ഞാനും കര്‍ചീഫ്‌ തലയില്‍ കെട്ടി നടന്നു . പിന്നെ ഉപ്പ വഴക്ക് പറഞ്ഞാണ് അതഴിച്ചു വെച്ചത്.

'നിറക്കൂട്ടി'ലെ "പൂമാനമേ ഒരു രാഗമേഘം താ.." എന്ന പാട്ട് പ്രൈമറി ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉള്ള കടിഞ്ഞൂല്‍ പ്രണയത്തെയാണ് ചെന്ന് തൊടുന്നത്. ആ പാട്ട് ഉപ്പാന്റെ പഴയ ഫിലിപ്സ് റേഡിയോയില്‍ കേട്ട് ഞാനെത്രവട്ടമാണ് വികാരവിവശനായത്..! അന്നവള്‍ക്കൊരു ചുവന്ന ഉടുപ്പുണ്ടായിരുന്നു ...ആ ഉടുപ്പില്‍ അവളെത്ര വട്ടമാണ് എന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞത്‌ ..!

"മേരാ മന്‍ ക്യോം തുംഹെ ചാഹേ.."എന്ന 'മന്‍' സിനിമയിലെ പാട്ട് എനിക്ക് ഫോണില്‍ നിത്യം പാടിത്തന്നിരുന്ന ഒരു കൂട്ടുകാരിയുണ്ടായിരുന്നു, പണ്ട്. സൌഹൃദമെന്നോ പ്രണയമെന്നോ ആത്മബന്ധമെന്നോ എന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാതിരുന്ന ഒരു ബന്ധം. ഇന്നത്തെ പോലെ മൊബൈല്‍ ഫോണ്‍ ഒന്നുമില്ല. എന്തിനു ലാന്ഡ് ഫോണ്‍ ഫോണ്‍ പോലുമില്ല അന്ന് വീട്ടില്‍. തിരക്കില്ലാത്ത STD ബൂത്തിലെ കണ്ണാടിക്കൂട്ടില്‍ വിയര്‍ത്തൊലിച്ച് നിന്ന് കൂട്ടുകാരിയുടെ പാട്ട് കേള്‍ക്കുന്ന ആ കൌമാരക്കാരനെ ഓര്‍ത്തു ഇപ്പൊ ഞാന്‍ തന്നെ ചിരിക്കുന്നു ...
ഒരുപാട്ട് നേരെചൊവ്വേ മൂളാന്‍ പോലും അറിയാത്ത എനിക്കും ..'സംഗീതമീ ജീവിതം "...ആനന്ദലബ്ധിക്കിനിയെന്തു വേണം ??

4 comments:

Sreejith Sarangi said...

നൊസ്റ്റാള്‍ജിക് ഓര്‍മ്മകള്‍ നന്നായി. സംഗീതത്തിനുള്ള ഒരു പ്രധാന ഗുണമെന്തെന്നാല്‍ അതിന് നമ്മുടെ പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകാനുള്ള കഴിവുണ്ടെന്ന്് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. പഴയ ഓരോ പാട്ടും കുറെ വര്‍ഷം കഴിഞ്ഞു കേള്‍ക്കുമ്പോള്‍ ആ കാലത്തിലൂടെ, ആ സമയത്തിലൂടെ സഞ്ചരിക്കാന്‍ കഴിയുന്നു.
പഞ്ചാഗ്നിയിലെ 'സാഗരങ്ങളേ.', നിറക്കൂട്ടിലെ 'പൂമാനമേ..', നാടോടിക്കാറ്റിലെ 'വൈശാഖസന്ധ്യേ'... നിന്നിഷ്ടം എന്നിഷ്ടത്തിലെ 'ഇളംമഞ്ഞിന്‍', തുടങ്ങി എത്രയെത്ര ഗൃഹാതുരത്വം നിറഞ്ഞ ഗാനങ്ങള്‍....

Unknown said...

മേരാ മന്‍ ക്യോം തുംഹെ ചാഹേ.


അതിഷ്ടപ്പെട്ടു

Yasmin NK said...

നല്ലയോര്‍മ്മകള്‍...

നൗഫല്‍ സിദ്ദു said...

ശ്രീയ്ക്കും സുമേഷിനും മുല്ലയ്ക്കും നന്ദി .... സന്തോഷം