ചില സൌഹൃദങ്ങള്‍ എങ്ങോട്ടാണ് പുറപ്പെട്ടു പോകുന്നത് ..? എന്ന്
വിചാരപ്പെട്ടിരുന്നു പണ്ടൊക്കെ ഞാന്‍ . ജീവിതം തന്നെ എനിക്കതിനുള്ള ഉത്തരം തന്നു.
സകല സൌഹൃദങ്ങളില് നിന്നും ഞാന്‍ സ്വയം പുറപ്പെട്ടുപോയി, കുറെനാളത്തേക്ക്.
ആര്‍ക്കും മുഖം നല്‍കാതെ .... ഒരു ടെലിഫോണ്‍ കാള്‍ പോലും എടുക്കാതെ..
ഒരുതരം സ്വയംപീഡയുടെ ആത്മാനന്ദകാലം ... ഔദ്യോഗികകാര്യങ്ങള്‍ക്ക്
മാത്രം ഞാന്‍ എഞ്ചുവടികണക്കില്‍ സംസാരിച്ചു... മകന് ജീവിച്ചിരിക്കുന്നു
എന്നറിയിക്കാന്‍ വേണ്ടി മാത്രം ആഴ്ചയിലൊരിക്കല്‍ നാട്ടിലേക്ക്
പ്രിയപ്പെട്ട ഉമ്മയ്ക്കും ഉപ്പയ്ക്കും ഒന്നോ രണ്ടോ മിനിറ്റില്‍ ഒതുങ്ങുന്ന
ഒരു കോള്‍ . ഉറക്കമില്ലാതെ കിടന്നരാത്രികള്‍ ഭ്രാന്തു പിടിപ്പിക്കുമെന്നായപ്പോള്‍
night duty ചോദിച്ചു വാങ്ങി... അങ്ങനെ രാത്രിയും പകലും ഉറക്കമില്ലാത്തവനായി.
ദിവസത്തില്‍ കഷ്ടിച്ച് ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമുറങ്ങി .
അകാരണമായൊരു ഭയം എനിക്കെന്നോടു തന്നെ തോന്നിത്തുടങ്ങി.
ബോധത്തിന്റെ മറുകരയില്‍ വെച്ചാണെന്ന് തോന്നുന്നു ഒരു വെള്ളാരം കണ്ണുകാരി
എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് . depression ന്റെ സകല
ലക്ഷണങ്ങളും കാണിച്ച എന്നെ അവള് എങ്ങനെയാണ് ഇത്ര നന്നായി വായിച്ചെടുത്തത്
എന്ന് അദ്ഭുതം കൊണ്ടിട്ടുണ്ട് ഞാന്‍ .ക്രൈസ്തവരിലെ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരിയായ
അവള് എനിക്ക് ബൈബിളിന്റെയും ഖുര്‍ആന്റെയും ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍
കൊണ്ട് തന്നു. അവള് അവളുടെ ഭര്‍ത്താവിനോട് എന്നെക്കുറിച്ച് പറഞ്ഞിരുന്നു .
അവനും എന്റെ കാര്യത്തില്‍ ആകുലനായി.പിന്നെയൊരിക്കല്‍ ഞാന്‍ അവളോട് പറഞ്ഞു
എന്റെ കൊച്ചു മലയാള ഭാഷയില്‍ ടി.പദ്മനാഭന് എന്നൊരു കഥാകാരന് ഉണ്ടെന്നും 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി' എന്നൊരു കഥ അദ്ദേഹത്തിന്റെതായിട്ട് ഉണ്ടെന്നും.
ഞാന്‍ ആ കഥാസാരം അവള്‍ക്കു പറഞ്ഞുകൊടുത്തു .
അവളുടെ കണ്ണുകളില്‍ അത്യദ്ഭുദം. എനിക്ക് ഒരു കഥാപാത്രത്തോടു തന്നെ
കഥ പറയുന്നതിന്റെ പാരവശ്യം. ആ കഥയുടെ ഇംഗ്ലീഷ് transilation
തേടി ഞാന്‍ ഒരുപാട് നടന്നിട്ടുണ്ട് , ആ കാലത്ത്. പക്ഷെ സംഘടിപ്പിക്കാന്‍ ആയില്ല.
ഇപ്പോഴും എന്റെ സെല്‍ഫോണില്‍ 'A Girl who sheds Light'എന്ന് അവള് മുദ്രണം
ചെയ്യപ്പെട്ടു കിടക്കുന്നു. വല്ലപ്പോഴും വരുന്ന അവളുടെ കോളിന് "കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും ...." എന്ന് എന്‍ .എന്‍ .കക്കാട് വേണുഗോപാലിന്റെ
സ്വരസൌരഭ്യം നല്കുന്നു. ഇപ്പോള്‍ ഓര്‍ത്തു പോവുകയാണ് ,
എത്ര നേര്‍ത്തൊരു നൂലിഴപ്പാലത്തിലൂടെ ആയിരുന്നു അന്ന് ഞാന്‍ സഞ്ചരിച്ചത് ?
പക്ഷെ ഇന്നും ചില അകരുണമായ അവസ്ഥാന്തരങ്ങളോട് രാജിയാവാനാകാതെ
വരുമ്പോള്‍ ഞാന്‍ മൌനത്തിലേക്കല്ലാതെ മറ്റെവിടേക്ക് വീണു പോകാന്‍ ?
നന്ദി... ജീവനുള്ള സൌഹൃദങ്ങള്‍ക്ക് ....

2 comments:
മനസ്സില്‍ നിന്ന് പകര്‍ത്തപ്പെടുമ്പോള്‍ ചില വാക്കുകളില്‍ ജീവിതം കയ്ക്കും.പലതും അപൂര് ണ്ണമായിമായി അവസാനിപ്പിക്കും.
ശരിയാണ് ...ജീവിതത്തിന്റെ അജ്ഞാതമായ വിഷാദങ്ങളെ ആര്‍ക്കു വിശദീകരിക്കാന്‍ കഴിയും ..? പലപ്പോഴും ഭയപ്പെടുത്തുന്നതാണ്, ജീവിതത്തിന്റെ വൈവിധ്യങ്ങള്‍ .
Post a Comment